തെളിവെടുപ്പിൽ പ്രതിഷേധമിരമ്പി
മംഗലംഡാം: നീതിപുരത്ത് കരിങ്കൽക്വാറി ആരംഭിക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി നടത്തിയ പൊതുതെളിവെടുപ്പിൽ പ്രതിഷേധമിരമ്പി. മംഗലംഡാം ടൗണിൽനിന്നും സ്ത്രീകൾ ഉൾപ്പെടെ പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായാണ് തെളിവെടുപ്പുനടന്ന ക്രൗൺപ്ലാസ ഓഡിറ്റോറിയത്തിലെത്തിയത്.
തെളിവെടുപ്പിൽ നാന്നൂറിലേറെപേർ പങ്കെടുത്ത് പരാതിനൽകി. പ്രദേശവാസികൾ തങ്ങളുടെ അഭിപ്രായങ്ങൾ വാക്കാലും രേഖാമൂലവുമാണ് നൽകിയത്. എഡിഎം എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് മേഖല ചീഫ് എൻവയോൺമെന്റൽ എൻജിനിയർ എം.എൻ. കൃഷ്ണൻ, ബോർഡ് ജില്ലാ എൻവയോൺമെന്റൽ എൻജിനിയർ വി. സുചിത്ര എന്നിവർ പരാതികൾ സ്വീകരിച്ചു. ക്വാറി പ്രോജക്ട് കൺസൾട്ടന്റ് അരുൺകുമാർ ക്വാറി സംബന്ധിച്ച് വിശദീകരിച്ചു.
കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. ഫെബിൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബാലൻ, ഫാ. സാം, മലയോര കർഷക ക്വാറിവിരുദ്ധ സമിതി കൺവീനർമാരായ ജോസുകുട്ടി സെബാസ്റ്റ്യൻ, ഉമ്മൻ മാത്യു, ജോർജ് നെല്ലിശേരി, തോമസ് മാത്യു ഇലഞ്ഞിമറ്റം, അന്നമ്മ ഐസക് പൊക്കത്തായിൽ, ജോയ്,മാത്യു ജേക്കബ്, കുര്യാച്ചൻ, സ്കറിയ കൊടവനാൽ, ഹരിദാസ് കൊന്നക്കൽകടവ്, സഹദേവൻ മല്ലുകോട്, സന്തോഷ് അറക്കൽ, ബേബി കോലാനി, ജോയ് കൂനപ്പള്ളി, ജിമ്മി മാത്യു, സണ്ണി, തുടങ്ങിയവർ പ്രസംഗിച്ചു.
തെളിവെടുപ്പിലെ പ്രദേശവാസികളുടെ പരാതികളും സങ്കടങ്ങളും അഭിപ്രായങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു കൈമാറുമെന്ന് എൻവയോൺമെന്റൽ എൻജിനിയർ എം.എൻ. കൃഷ്ണൻ പറഞ്ഞു.
500 മീറ്ററിനുള്ളിൽ അഞ്ചുഹെക്ടറിലായി മറ്റൊരു ക്വാറി പ്രവർത്തിക്കുന്നതിനാലാണ് പരിസ്ഥിതി നിയമപ്രകാരം പൊതുതെളിവെടുപ്പ് നടന്നത്. ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന്റെ ഭാഗമായാണ് തെളിവെടുപ്പ് നടത്തിയത്. മംഗലംഡാം ടൗണിൽനിന്നും നൂറുകണക്കിനാളുകൾ വലിയ പ്രകടനത്തോടെയായിരുന്നു പരാതി നൽകാനെത്തിയത്. പഞ്ചായത്ത് മെംബർമാരായ ഷാജു പുളിക്കൻ, എസ്. അനിൽകുമാർ, ധന്യ ബൈജു, സുനിത സുന്ദരൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി. എസ്ഐ രാമചന്ദ്രന്റെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
നീതിപുരത്തിനു പുറമേ സമീപപ്രദേശമായ വിആർടി, ആലാംപരുത എന്നിവിടങ്ങളിൽ കരിങ്കൽക്വാറികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരേയും പരാതികളുണ്ടായി.